Saturday, January 18, 2014

!!!!!

അസ്തമയ സൂര്യന്‍ അങ്ങ് ദൂരെ സമുദ്രോപരിതലത്തിന് 
തൊട്ടുമുകളിലെത്തിയിരിക്കുന്നു....
പതിയെ താണുതുടങ്ങി.
അത് ചൂണ്ടിക്കാട്ടി പറഞ്ഞു
കണ്ടോ..
പകുതി താണ സൂര്യന്റെ
ചുമപ്പ് ഛായം
ചെറുതായി പടര്‍ന്നിരിക്കുന്നു.
വെള്ളം തട്ടിയിട്ടാണത്.....


നിലാപ്രഭയില്‍
കടല്‍പാലത്തിന് തറ്റത്തെ
ജലോപരിതലത്തിലൂടെ 
അതിവേഗം നീങ്ങുന്നത്
ശ്രദ്ധയില്‍പ്പെടുത്തി ചോദിച്ചു 
അതെന്താണെന്നറിയാമോ...?
ഇല്ല...!
നീര്‍നായക്കൂട്ടം
വെള്ളത്തില്‍ തൊട്ടുകളിക്കുകയാണ്.......


നീലാകാശത്ത് 
ഒറ്റക്ക്
തെളിഞ്ഞ് കത്തുന്ന 
മഞ്ഞവെളിച്ചം ചൂണ്ടി പറഞ്ഞു
അത് നക്ഷത്രമല്ല, 
സൂക്ഷിച്ച് നോക്കിയേ, അത് കണ്‍ചിമ്മുന്നില്ല......


തൊട്ടരികിലിരുന്ന് 
ദൂരകാഴ്ചകളില്‍
അഭിരമിക്കുന്നെന്ന് 
വരുത്തിതീര്‍ക്കാന്‍
വൃഥാ ശ്രമിക്കുന്നു അവള്‍

കയ്യകലത്തില്‍
ചുറ്റിസഞ്ചരിച്ചിട്ടും 
എന്റെ മനസ്സിന്റെ
അപഥസഞ്ചാരം 
കാണാന്‍ കഴിയുന്നില്ലല്ലോ
എന്ന ദു:ഖത്തോടെ ഞാനും 
ഒരേ രേഖയിലെ
ഒരിക്കലും
കൂട്ടിമുട്ടാത്ത രണ്ടറ്റങ്ങള്‍.....


(ഓര്‍മ്മകള്‍, കോഴിക്കോട് ബീച്ചിലിരുന്ന് പണ്ടെങ്ങോ ഒരുമിച്ചെണ്ണിയ തിരകളുടെ കണക്കെടുപ്പിന് പിന്നാലെയാണ്)

Saturday, August 17, 2013

മായാമുഖി

വിജനമായ വീഥി
ചരിഞ്ഞ് ചാറുന്ന 
ചാറ്റല്‍ മഴ.
സന്ധ്യയും 
പടര്‍ന്ന് പൂത്ത വാകയും
ഇരുള്‍ വീഴ്ത്തുന്ന വഴിയേ
അരിച്ച് നീങ്ങുന്നൊരു
പേടകം.

ഉള്ളില്‍, നിറയുന്ന
കൃത്രിമ ചൂടിന്‍
രസംനുകര്‍ന്ന്,
പരസ്പരം ആത്മാവിന്റെ 
നഗ്നതയോളം 
ഇറങ്ങിച്ചെല്ലാന്‍
കൊതിച്ചവര്‍ ,
ആത്മഭാഷണത്തില്‍.

പൂര്‍വ്വ ജന്മ ഇഴയടുപ്പം.
അലിയുന്ന ഉയിരുകളുടെ 
ആന്ദോളനം.
കഥകളുടെ കെട്ടഴിയുന്നു.

തീക്ഷ്ണാനുഭവങ്ങളുടെ 
നീറ്റലുകള്‍ക്ക്
ശമനമേകാനാവാതെ
നിസ്സഹായനായി 
വിദൂരതയിലേക്ക് 
കണ്ണ് പായിച്ചപ്പോള്‍,
കാറ്റില്‍ ഇതളടര്‍ന്ന
വാകകളുടെയും
സങ്കടപ്പെയ്ത്ത്.

മൗനം കണ്ണീരൊപ്പുന്നു.

അധികം നീണ്ടില്ല
അടുത്ത കവലയില്‍ 
കാത്ത നിന്നൊരു
അപ്രതീക്ഷിത ട്വിസ്റ്റ്.

മിന്നലായ് മുന്നില്‍
മിന്നിതെളിഞ്ഞൊരു
ചുവന്ന പൊട്ട്.

കാലമരുന്നു
ഞെരിഞ്ഞ് നില്‍ക്കുന്നു പേടകം.

അനുവാദം ചോദിക്കാതെ 
കടന്ന് കയറിയോള്‍
കതക് തുറന്ന മഴയിലേക്ക്.

പലവഴികളിലൊന്നിലൂടെ 
നടന്ന് നീങ്ങി,
തിരിഞ്ഞ് നോക്കാതെ.

അവള്‍, മായാമുഖി
ഒരു ജന്മം ഓര്‍മ്മിച്ച് 
രസിക്കാന്‍(നരകിക്കാന്‍)
ഒരു യാത്ര സമ്മാനിച്ച്
മറഞ്ഞവള്‍.

Sunday, August 4, 2013

"നീ കളവാണ്"

'എനിക്കാരെയും വിശ്വാസമില്ല'
കാതില്‍, എങ്ങും തൊടാതെയുരുവിട്ട
ജല്‍പ്പനത്തിന്റെ 
അലയൊലികള്‍
നിലയ്ക്കുന്നില്ല..

നീ കളവാണ് 
കണ്ണില്‍ നോക്കാതെയുള്ളാ 
പിറുപിറുക്കല്‍ 
ഉറപ്പിക്കുന്നു
നീ കളവാണുച്ചരിച്ചതെന്ന്

പക്ഷെ ഒന്നും തിരിച്ച് പറഞ്ഞില്ല
പതിവ് പോലെ 
മൗനത്തെ കൂട്ടു പിടിച്ചു
പറയണമെന്നുണ്ടായിരുന്നു..

ഈ നിമിഷം
എന്നെയും നിന്നെയും 
തൊട്ട് നീങ്ങുതൊരേ കാറ്റ്
തണലേകുതൊരേ, തരു
അകലമിട്ടിരിക്കുതോ 
ഒരേ ചാരുബെഞ്ചില്‍
മഥിക്കുന്ന ചിന്തകളും
ഒന്നുതന്നെ
ഉയരുന്ന മിടിപ്പിനും
ഒരേതാളം
ഈ നിമിഷത്തെ 
നീ വിശ്വസിക്കുന്നോ
നുള്ളി നോക്കൂ
നിന്നെയല്ല, എന്നെ

നീ കളവാണ്
മനസ്സിന്റെ പോക്ക്
മറച്ച് വെച്ച്
മറ്റെന്തോ 
പറഞ്ഞ് ഫലിപ്പിക്കാന്‍
പാടുപെടുന്നൊരു
പെരും കളവ്.

കണ്ണാടി മറച്ച് പിടിച്ച് 
മുഖം നോക്കുന്നോള്‍.
എന്നാലതിലെന്നെ
കാണിക്കാന്‍
കാരണത്തിന്റെ 
മേമ്പൊടി തേടുന്നോള്‍

മുന്നില്‍ വന്ന്
കുസൃതിയോടെ
അതിലേറെ സ്‌നേഹത്തോടെ
കണ്ണിറുക്കികാണിക്കുമ്പോള്‍
ഇരുകണ്ണുമടച്ച 
സ്വയം ഇരുട്ടിലേക്ക് 
ഊളിയിടുന്നോള്‍

രക്ഷയില്ല
കെട്ട്പിണഞ്ഞ രണ്ട്
നിഴലുകളുടെ ഉന്മനാദനൃത്തം
ആ ഇരുട്ടിലും 
ഏഴഴകോടെ
തെളിയും 
നീ കളവാണെ്
പിന്നെയും പിന്നെയും
ഓര്‍മ്മപ്പെടുത്തികൊണ്ടേയിരിക്കും....

സമം- ഒരു സൗഹൃദദിന ചിന്ത

മുറിഞ്ഞ് മുറിഞ്ഞ്
പറഞ്ഞ് തീര്‍ത്തതൊക്കെയും
മനസ്സില്‍ തീരാ
മുറിവുകള്‍ തീര്‍ത്തോ
സുഹൃത്തേ....?

വിത്ത് പാകിയതും
തടമെടുത്തതും
നനവ് പകര്‍ന്നതും
ഞാനല്ല

മുളച്ച് പൊന്തി 
പടര്‍ന്ന്
പന്തലിച്ചപ്പോഴാ
തണല് വീണതറിഞ്ഞേ

വെയില് കൊണ്ട് 
വലഞ്ഞ വര്‍ഷങ്ങള്‍
തണല് തേടി
അലഞ്ഞ കാലങ്ങള്‍

കുളിര് കോരി
തലയ്ക്ക് മീതേക്ക്
ചില്ല ചാഞ്ഞപ്പോ
അരിക് ചേരാന്‍
ആശിച്ചു പോയി

മുറിച്ചു മാറ്റാന്‍ 
മനസ്സനുവദിച്ചില്ല

തിരിച്ചറിയുന്നു
ഉടമയല്ലെന്ന്

നല്‍കിയ
നല്ല നിമിഷങ്ങള്‍
ഉള്ളിലൊതുക്കി
ഇറ്റ് വീഴുന്ന
ഉപ്പ് മഴയില്‍
നനഞ്ഞൊലിച്ച്
തിരിഞ്ഞ് നോക്കാതെ
നടന്ന്് നീങ്ങട്ടെ

കുട്ട് കൂടി നടന്ന
നാളുകള്‍
കാവലായ്
കണക്ക കൂട്ടിയേക്ക്

തിരികെ നല്‍കുന്നു
തീരാ വ്യഥയോടെ

പകരമേകൂ
പഴയ സൗഹൃദം
സമരസപ്പെടലിന്റെ 
ശുദ്ധ സംഗീതം...

Friday, July 26, 2013

കണ്ണാഴം


കണ്ണുകളെ 
ഭയക്കുന്ന പെണ്‍കുട്ടീ
നിന്റെ, 
നിഗൂഢ നയനങ്ങള്‍ക്കെന്തൊരു
ആഴം....

പറയാത്ത കഥകളുടെയും
എഴുതാത്ത കവിതകളുടെയും 
അക്ഷയഖനി....

വായിച്ചെടുക്കാമെന്ന
വ്യാമോഹത്തോടെ
നോക്കിനോക്കിയിരിക്കെ
ഒരിക്കല്‍ ഞാനാ,
കയത്തില്‍
മുങ്ങിചാവും

ദിവ്യദര്‍ശിനീ....,
ആസന്ന മരണത്തില്‍
ആകുലപെട്ടിട്ടാണോ
എന്റെ നോട്ടമെത്തുമ്പോഴെല്ലാം
നീ ദൃഷ്ടി തെറ്റിക്കുന്നത്......???

പ്രതീക്ഷിക്കാതെ,
പെയ്ത് തോര്‍ന്ന
പേമാരിയില്‍
അകപ്പെട്ട്,
നനഞ്ഞൊട്ടിയ
രണ്ട് കിളികള്‍ 
കൊക്കുകളാല്‍ 
പരസ്പരം
ചിറക് ചികയുന്നു.......

Wednesday, June 26, 2013

:(

അടയാളപ്പെടുത്താന്‍
ഇത്തിരിപോലും
ഇടമില്ലാത്തൊരിടത്ത്
എന്നെക്കുറിച്ചുള്ള
ഓര്‍മ്മകള്‍
ആത്മഹത്യ
ചെയ്തിരിക്കുന്നു പോലും........

ശരീരം നശ്വരം
ആത്മാവോ അനശ്വരം.

ആകൃതിയില്ലാതെ
നിനക്ക് ചുറ്റും
പറന്നുനടക്കുന്നു
ചിറകുമുളച്ചൊരു പ്രണയം....