Monday, November 12, 2012

സാറ്റ്..................!















എനിക്കങ്ങിനെയെന്ന് 
നിനക്കറിയാമെന്നെ-
നിക്കുറപ്പാ...

നിനക്കുമങ്ങിനെയെ-
ന്നെനിക്കു
സുനിശ്ചയം

പിന്നെയുമെന്തിനാ-
ണിനിയുമീ
അറിയാഭാവം 
നടിക്കുന്നതെന്നാണ-
വരുടെ ചോദ്യം

നിറുത്താം 
നമുക്കീ 
ഒളിച്ചുകളി
സാറ്റ്..................!

Wednesday, October 17, 2012

ഞൊടിയിടയില്‍ 
കാതങ്ങള്‍ക്കപ്പുറത്ത് നിന്ന് 
കടന്ന് വന്നൊരു മിന്നല്‍ 
നെഞ്ചില്‍ തറച്ച് മരിക്കുന്നു.

സ്വാഭാവികം
അസ്വാഭാവികം
അരും കൊലപാതകം
ആത്മഹത്യ
നിഗമനങ്ങള്‍ നീളുന്നു

എന്ത് തന്നെയായാലും
ഒരു തീരാമുറിവിന്റെ അലങ്കാരം കൂടി
എനിക്ക് സ്വന്തം

എന്തോ.....
ഇത്തവണ ചോര കിനിയുന്നില്ല
വാര്‍ന്ന് പോയി തീര്‍ന്നു കാണും........

Tuesday, June 19, 2012

പിണക്കം



                           തല പെരുപ്പിക്കുന്ന മൗനം.
                           താനേ അരിച്ചെത്തുന്ന  വിഷാദം.
                           കെട്ടഴിഞ്ഞോടിപ്പോകുന്ന ചിന്തകള്‍.
                           കെട്ടിയിട്ടു നോവേറ്റുന്ന   സാമീപ്യം.
                           തെന്നി മാറുന്ന തണല്‍ പച്ച.
                           വെയില്‍ കൊണ്ട് വലഞ്ഞ്‌,
                           വഴി തെറ്റിയലയുന്ന കാഴ്ചകള്‍.
                           കാതുകളില്‍ കനത്തില്‍ മുഴങ്ങുന്ന നിശ്വാസങ്ങള്‍.
                           വീണുടയുന്ന നെടുവീര്‍പ്പുകള്‍.........

                          വാക്കുകള്‍ തേടി  വലയുന്നവര്‍
                          നമുക്കിടയില്‍
                          സംഭാഷണങ്ങളുടെ വട്ടമേശ സമ്മേളനം !!!!!!

Saturday, June 16, 2012

സിനിസിസം














                                കണ്ണില്‍
                               നോക്കി നീ,
                               കള്ളം
                               പറഞ്ഞന്നുത്തുടങ്ങി,
                               മനസ്സിലീ
                               കള്ളനുംപോലീസും
                               കളി .....!

Friday, February 17, 2012

മന്ത്രവാദിനി



വരിഞ്ഞു മുറുക്കുന്ന
ഓര്‍മ്മകളുടെ
ശവപ്പെട്ടിയിലേയ്ക്ക്
താണിറങ്ങുന്ന
തണുത്ത
കൈത്തലങ്ങള്‍ .....!

   ഒരു മാത്ര,
   വിറയാര്‍ന്ന
   ഇടത്തേ കൈത്തലത്താല്‍
   തഴുകി, തലോടി,
   വിരലുകളാല്‍
   ഭൂതകാലത്തില്‍
   പ്രവേശിച്ച
   പ്രേതപിശാച്ചുക്കളുടെ
   എണ്ണം പിടിച്ച്,
   ഏറ്റു വാങ്ങുവോള്‍ .


അതേ സമയം
ആത്മാവൊഴിഞ്ഞു
നിര്‍ജ്ജീവമായ
ശരീരത്തിന്
ചൂട് പകര്‍ന്നു,
കൂട് വിട്ടു കൂട് മാറാന്‍
താന്ത്രിക താളിയോലകളുടെ
കെട്ടഴിക്കുന്ന
വലത്തേ കൈത്തലം.


   മറ്റൊരാത്മാവിനെക്കൂടി
   ശുദ്ധീകരിച്ച്
   സ്വയം
   പാപിയായോള്‍....!


ഒരേ സമയം
കറുത്ത കനവുകളെ
എണ്ണിയെണ്ണി
ഏറ്റു വാങ്ങിയും,
അതേമാത്ര
നിര്‍ജ്ജീവതയില്‍
ജീവന്‍ വിളക്കിച്ചേര്‍ത്ത്
വെളുത്ത നിനവുകളിലേയ്ക്ക്
കുരുക്കഴിച്ച്
പറത്തി വിടാന്‍
യത്നിക്കുന്ന
സ്വാര്‍ത്ഥ സൗഹൃദം...!


   മന്ത്രവാദിനീ....,
   നിന്റെ നേര്‍ത്ത
   വിരലുകളിലെയീ
   മാന്ത്രികത
   നിലയ്ക്കാതിരുന്നുവെങ്കില്‍........!