Friday, April 19, 2013

പാപി....???

ദു: ഖവെള്ളിക്കും 
വെറും വെള്ളിക്കുമിടയില്‍
ക്രൂശിതനായി 
ഏഴുനാള്‍.

കാലമേല്‍പ്പിച്ച 
തിരുമുറിവുകള്‍
ഉമ്മവച്ച്
ഉണക്കുമോ???

പറുദീസയുടെ 
പടവുകള്‍ 
കൈകോര്‍ത്തൊന്നിച്ച്
കയറുമോ???

പുനര്‍ജ്ജനിയുടെ
മധുരസ്വപ്‌നങ്ങളില്‍
മുഴുകി
മൃതപ്രാണനായങ്ങിനെ

ഒടുവില്‍ 
ഏഴാംനാള്‍
മറുപടിയെത്തി

പാപികള്‍ക്ക് 
ഉയര്‍ത്തെഴുന്നേല്‍പ്പില്ല പോലും.

അല്ല
ഒന്ന് ചോദിച്ചോട്ടെ....,

പാവനമായൊരു
ഹൃദയം
പകുത്തുനല്‍കുന്നവന്‍
എങ്ങിനെ
പാപിയാവും....???.

Thursday, April 18, 2013

യക്ഷി

നിരയൊത്ത പല്ലുകള്‍ കാട്ടി 
വെളുക്കെ ചിരിച്ച്, 
വലിച്ചടുപ്പിച്ച്, 
ചോരയത്രയും
കുടിച്ചൂറ്റി
കൊല്ലാതെ കൊന്ന്
വലിച്ചെറിഞ്ഞവള്‍.....

Tuesday, April 2, 2013

കള്ളി


പണ്ടൊരിക്കല്‍ 
തിരസ്‌കരിക്കപ്പെട്ടവന്റെ 
തീവ്രവേദനകളെക്കുറിച്ച്
വാചാലനായപ്പോള്‍
വിദൂരതയിലേക്ക്
കണ്ണ് പായിച്ചിരുന്ന്
ഒടുവിലെല്ലാത്തിനും
ശരിവച്ച് 
തലയനക്കി നീ

പിന്നീടൊരിക്കല്‍
പ്രിയപ്പെട്ടവരുടെ 
പിണക്കങ്ങള്‍ 
സൃഷ്ടിക്കുന്ന
ശൂന്യതയെക്കുറിച്ച്
സംവദിച്ചപ്പോഴും
മുരടനക്കലിലൂടെ 
മറുപടിയെത്തിയത് 
മറ്റെങ്ങോ ദൃഷ്ടി
പായിച്ചായിരുന്നു


ഇന്നലെയെന്റെയിഷ്ടം
തുറന്ന് കാണിച്ചപ്പോള്‍
അസപ്ഷടമായ
വാക്കുകളുടെ
അകമ്പടിയോടെ
നിഷേധത്തിന്റെ 
ചുമലനക്കിയതും
കണ്ണില്‍ നോക്കാതെ

കണ്‍മഷിയെഴുതാത്ത
കണ്ണുകളില്‍
വ്യഥാ
ഒളിപ്പിച്ച് വയ്ക്കാന്‍
ശ്രമിക്കുന്നതിന് 
പിന്നാലെയാണോമനേ
ഇപ്പഴുമെന്റെ ഭ്രമണം