Thursday, January 27, 2011

കളിക്കൂട്ടുകാരി



















 
മറന്നതെന്തോ 
ഓര്‍മ്മിച്ചെടുക്കാന്‍
തിരികെപോയിയേറെ
പിറകോട്ട്

     പേമാരി പെയ്തപ്പോ
     പേരമരച്ചോട്ടില്‍ 
     ചേമ്പില കുടയില്‍
     ഒരുമിച്ചു നിന്നത്

മഴവെള്ളം കൊണ്ടപ്പോ
ജലദോഷം വന്നപ്പോ
ഒരുമിച്ചു പനിച്ചപ്പോ
ഒരുമിച്ചു കരഞ്ഞത്

     മുക്കുറ്റി പൂപറിച്ചു
     മൂക്കുത്തിയാക്കി
     മുണ്ടനും മുണ്ടിയുമായി
     കളിച്ചത്

തുപ്പലം കൊത്തിയേം
കോട്ടിയേം പൂയനേം
ഒരു ചെറു തോര്‍ത്തില്‍
കോരിയെടുത്തത്‌

     കരയിലൊരു കുഴികുത്തി
     കിട്ടിയതതിലിട്ട്
     ആറ്റിലെ വെള്ളത്തില്‍
     കുത്തി മറിഞ്ഞത്

അത്കണ്ടു നിന്റമ്മ
തല്ലൊന്ന് തന്നപ്പോ,ആ
വടിയൊന്നെടുത്തങ്ങു
ദൂരെകളഞ്ഞത്

     തേടിച്ചിയിലകള്‍
     വെറ്റിലയാക്കീട്ടു
     വേരുകള്‍ കൂട്ടി
     മുറുക്കി തുപ്പീത്

ഗന്ധക രാജന്റെ
പൂവിനായി ഒരുമാത്ര
ഗന്ധര്‍വ്വനായെന്നെ
മനസ്സാ വരിച്ചത്‌

     തെച്ചിയും പിച്ചിയും
     വാഴനാരില്‍ കോര്‍ത്തു
     മാലയായ്‌ പരസ്പരം
     കഴുത്തിലണിഞ്ഞത്

മുള്ളുകള്‍ കോറി
വരഞ്ഞിട്ടും പലകുറി
മുള്ളിന്‍ കായ
പറിക്കാന്‍ തുനിഞ്ഞത്

     മൊയ്തീന്‍ കാക്കാടെ
     വീട്ടുമുറ്റത്തൂന്നു
     മാര്‍ബിള്‍ കഷണം
     കട്ടെടുത്തോടീത്

അത് വച്ചു മൂന്ന്ള്ളീം
ഏഴ്‌ള്ളീം കളിച്ചത്
കശുവണ്ടി ചൂണ്ടി
'സുറി' നോക്കി എറിഞ്ഞത്

     മന്ദാരചോട്ടിലെ
     കുറ്റിപുരേലന്നു
     കൂട്ടാനും ചോറും
     വച്ചു വിളംബീത്

ചേകിനപ്പുറത്തെ
പന്ജ്ജാര   മണലില്
വെള്ളാരംകല്ലോണ്ട്
കൊത്തം കല്ലാടീത്

     കുഞ്ഞിക്കാലോണ്ട്
     പോത്തക്കന്‍ ഗുഹവച്ചു
     പച്ചത്തുള്ളനെ
     പാര്‍പ്പുകാരനാക്കീത്

ഒരു മുളം കയറില്‍
നീയെല്ലാം തീര്‍ത്തപ്പോള്‍
പെരുമഴയായീ
പെയ്യുന്നീ ഓര്‍മ്മകള്‍

     അതിലെണ്ണിയാലൊതുങ്ങുന്ന
     ഓര്‍മ്മയാം തുള്ളികള്‍
     കൈക്കുമ്പിളിലെടുത്ത്
     കുടയെട്ടീ പേജില്‍

ഒരു പക്ഷേ വീണ്ടും
മറന്നേക്കാമെല്ലാ,മപ്പോ
ഒരു മുദ്ര മോതിരം പോലെ
ഇതുപകരിച്ചെങ്കിലോ??? 

Monday, January 24, 2011

മൂന്നാമതൊരാള്‍





















കരയിലെഴുതിയ 
പ്രണയാക്ഷരങ്ങളെല്ലാം
കടലെടുത്തുപോയ് .
കനവില്‍കണ്ട 
പ്രണയ ദ്രിശ്യങ്ങള്‍ 
പൂര്‍ണ്ണമാകും മുന്‍പേ 
പകലും പറന്നെത്തി .
പ്രണയ മഷി പുരണ്ട 
കത്തുകളെല്ലാം 
അവളുട്ച്ച്ചനും 
കണ്ടെടുത്തു.
ഒടുവില്‍ 
നെഞ്ജിലെഴുതിയ 
പ്രണയവും 
കട്ടെടുത്ത് 
ആരോ.....???

Tuesday, January 18, 2011

ആത്മകഥ













ജന്മം

മഞ്ഞുകാലത്തിന്റെ
മടിത്തട്ടിലേക്കായിരുന്നു
പിറവി.
അസ്സഹനീയമായ
തണുപ്പില്‍
അലറി കരഞ്ഞുകൊണ്ടു
ആദ്യമായി കണ്മിഴിച്ച്ച്ചു.
അരികില്‍ ആത്മസംത്രിപ്ത്തിയുടെ
തൂമഞ്ഞിന്‍ ചിരിയുമായമ്മ. 
അച്ച്ചനപ്പോഴും
അങ്ങു ദൂരത്തെങ്ങോ
അതിരു കാക്കുകയായിരുന്നു പോലും .

ബാല്യം

അസ്വസ്ത്തതകളുടെ
ആകെതുകയായ ബാല്യം.
അതിലേറെയും
ശ്വാസം കിട്ടാതെപിടയുന്ന
നുരപതഞ്ഞ് ഒലിച്ചിറങ്ങുന്ന
കണ്ണ് പിറകോട്ടു മറയുന്ന
ദ്രിശ്യങ്ങള്‍ .
കിട്ടിയതെടുത്ത്
വാരിച്ചുറ്റി അലമുറയിട്ട്
ആശുപത്രി തേടി ഓടുന്ന അമ്മ .

കൗമാരം

കൊതിയോടെ മാത്രം
എപ്പോഴും ഓര്‍ക്കുന്ന കാലം.
നേട്ടങ്ങളുടെ തേരില്‍
സൂര്യനെ പോലെ
വിളങ്ങി വാണ കാലം 
ആരാധനയുടെയും
അസൂയയുടെയും
കൂര്‍ത്ത കണ്ണുകള്‍
വിടാതെ പിന്തുടര്‍ന്ന കാലം .

അവന്‍

വാക്ചാതുരിയാല്‍
സൌഹൃദത്തിന്റെ
മായിക വലയംതീര്‍ത്ത്
അതിനുള്ളില്‍ എന്നെ കെട്ടിയിട്ട്
കടന്നു കളഞ്ഞ തോഴന്‍
തുറന്നു വച്ച
എന്റെ ഹൃദയത്തില്‍ നിന്ന്
അമൃതേകിയപ്പോള്‍
അടച്ചു വച്ച
അവന്റെ ഹൃദയത്തില്‍
കടുംനീല
കാളകൂടമാണെന്നറിഞ്ഞില്ല. 
അവനിപ്പോ ജീവിത ദൂരം
വളയം കയ്യിലെടുത്തു
ഓടിത്തീര്‍ക്കുന്നു .
ഞാനോ ???
ഓര്‍മ്മയാം
വലയത്തിനുള്ളില്‍ പെട്ട്
സഞ്ചാരിയെപ്പോലെ
വട്ടം ചുറ്റുന്നു .
എപ്പോഴും അവസാനം
തുടക്കത്തില്‍ തന്നെ .

അവള്‍

ഒരുമിക്കാനാണെങ്കില്‍
മാത്രമീയടുപ്പമെന്ന്
വാക്കും തന്നു
ഒപ്പം കൂടിയവള്‍ .
ഒടുവില്‍
വാക്ക് മാത്രമേ
മാറ്റാന്‍ കഴിയൂ
എന്ന പഴമൊഴിയുടെ
കൂട്ട് പിടിച്ചു
കൂട്ടുപേക്ഷിച്ച്ചവള്‍
ശരിയാണ്
നിനക്ക് വാക്കേ മാറ്റി
പറയാന്‍ കഴിയൂ
ഇപ്പഴും
എന്റെ ഓര്‍മ്മകളെ
തെളിയിക്കാനല്ലാതെ
മായ്ച്ചു കളയാന്‍
നിനക്ക് കഴിയുന്നില്ലല്ലോ .
ഇതു ഞാനറിഞ്ഞ നേര്

യൗവ്വനം

അമ്മയുടെ മുഖത്തിപ്പോ 
പഴയ ചിരിവിരിയാറില്ല
പകരം
ഉയരുന്ന നെടുവീര്‍പ്പുകള്‍
പൊഴിയുന്ന നീര്‍മണിമുത്തുകള്‍
പുതു പുതു നേര്‍ച്ചകള്‍
അച്ച്ചനിപ്പോ അരികത്തുണ്ട്
ഊര് കാക്കുന്ന ജോലി വിട്ടു
അതാണിപ്പോ
ഊര് തെണ്ടിയുടെ
ഒരേയൊരു ആശ്രയം .

സ്വപ്നം

ഒഴുക്കുള്ള പുഴയില്‍
ഓര്‍മ്മകളെ
ഓളങ്ങള്‍ക്കൊപ്പം വിട്ട്
ഒഴുക്കി വിട്ടവയ്ക്ക്
വായ്ക്കരവിയിട്ടു
ഒന്ന് കുളിച്ചു കയറണം
വലതുകാല്‍ വച്ചൊരു
പുതുതുടക്കം
വീണ്ടുമൊരു മഞ്ഞുകാലം......
വീണ്ടുമൊരു പുലരി................
വീണ്ടുമൊരു പിറവി .................

Monday, January 17, 2011

ഉമി നീര്‍കഞ്ഞി

ഉച്ചകഞ്ഞിക്കായി
നട്ടുച്ചയ്ക്ക്
കൊച്ചു പട്ടണത്തിന്റെ
നെഞ്ചകത്തിലൂടെ 
കുട്ടപ്പന്‍
കുറെദൂരം
നടന്നു
ഒടുക്കം കണ്ടു
കൊച്ചേമന്മാര്‍
മാത്രം കയറിയിറങ്ങുന്ന
കൂരയ്ക്ക് മുന്നിലെ
ചെറിയ ബോര്‍ഡിലെ
വലിയ അക്ഷരങ്ങള്‍
"ഇന്നത്തെ സ്പെഷ്യല്‍
നാടന്‍ കഞ്ഞിയും
ചമ്മന്തിയും
ചുട്ട മീനും
പപ്പടവും"
കൂടെ
രണ്ടു നേര്‍രേഖയ്ക്കപ്പുറം
തടിച്ചു വീര്‍ത്ത
രണ്ടു മൂന്നക്കങ്ങളും
ഇച്ച്ച്ചകള്‍
ഉമിനീരായി
കുടിച്ചിറക്കി
വിശപ്പടക്കി
കുട്ടപ്പന്‍
തിരിച്ചു നടന്നു .......

തള്ള കോഴിയുടെ വിലാപം

അടയിരുന്നു
വിരിയിച്ചെടുത്തിട്ടു
ആറര നാഴിക
പോലുമായില്ല
അതിനു
മുന്‍പേ
കണ്ണൊന്നു
തെറ്റിയപ്പോള്‍
കൊത്തിയെടുത്തു
ദൂരേക്കു
മറഞ്ഞല്ലോ
കള്ള കഴുകന്‍ ........
ചോദ്യം 












ഓര്‍മ്മകളെ
മരവിപ്പിക്കാന്‍
നീ എന്തിനാണ്
കോടയായ്
പെയ്തിറങ്ങുന്നത്?


പട്ടത്തോട്













ഗഗനനീലിമയില്‍ നീ
പാറി പറക്കുമ്പോള്‍
വിജനതാഴ്‌വരയില്‍
ഞാനുണ്ടാവും.

നിന്നിലേയ്ക്ക് കണ്ണും
കണ്ണുംനട്ട്,
മൂകസാക്ഷിയായ്,
ഉയര്‍ച്ചയില്‍,
അകല്‍ച്ചയില്‍,
സന്തോഷിച്ച്,
ദു :ഖിച്ച്......

Sunday, January 9, 2011

ഓ പ്രിയ വാലന്‍ന്‍റെന്‍......

 









പതിയെ വിടരുമാ 
കണ്ണുകളില്‍ ഞാനൊരു 
ശലഭമായി പാറി 
യിരുന്നോ ട്ടെ

കവിതകള്‍ വിരിയിക്കുമാ
ചുണ്ടുകള്‍  ഞാനെന്‍റെ
ലോക്കറില്‍ വച്ചു 
നുകര്‍ന്നോട്ടെ 

നറുമണം വിതറുമാ 
കൂന്തലില്‍ ഞാനൊരു
തുളസിയായി അള്ളി
യിരുന്നോട്ടെ 

ചാമ്പക്കാ നിറമുള്ള 
പിംപിളില്‍ ഞാനെന്‍റെ
നാവിനാല്‍ ലേപനം
ചാര്‍ത്തട്ടെ 

സ്നേഹ വര്‍ണ്ണങ്ങള്‍ നിറയുമാ
ഹൃദയത്തില്‍ ഞാനെന്‍റെ
ചോരയാല്‍ ചിത്രം 
വരച്ചോട്ടെ  

ചന്ദനമണമുള്ള 
പൂമെയ്യില്‍ ഞാനൊരു
പൂവമ്പനായി ചുറ്റി
പിണഞ്ഞോട്ടേ
 
ഓ പ്രിയ വാലന്‍ന്‍റെന്‍
 നീ എന്‍റെതായിരുന്നേല്‍......