Friday, April 19, 2013

പാപി....???

ദു: ഖവെള്ളിക്കും 
വെറും വെള്ളിക്കുമിടയില്‍
ക്രൂശിതനായി 
ഏഴുനാള്‍.

കാലമേല്‍പ്പിച്ച 
തിരുമുറിവുകള്‍
ഉമ്മവച്ച്
ഉണക്കുമോ???

പറുദീസയുടെ 
പടവുകള്‍ 
കൈകോര്‍ത്തൊന്നിച്ച്
കയറുമോ???

പുനര്‍ജ്ജനിയുടെ
മധുരസ്വപ്‌നങ്ങളില്‍
മുഴുകി
മൃതപ്രാണനായങ്ങിനെ

ഒടുവില്‍ 
ഏഴാംനാള്‍
മറുപടിയെത്തി

പാപികള്‍ക്ക് 
ഉയര്‍ത്തെഴുന്നേല്‍പ്പില്ല പോലും.

അല്ല
ഒന്ന് ചോദിച്ചോട്ടെ....,

പാവനമായൊരു
ഹൃദയം
പകുത്തുനല്‍കുന്നവന്‍
എങ്ങിനെ
പാപിയാവും....???.

Thursday, April 18, 2013

യക്ഷി

നിരയൊത്ത പല്ലുകള്‍ കാട്ടി 
വെളുക്കെ ചിരിച്ച്, 
വലിച്ചടുപ്പിച്ച്, 
ചോരയത്രയും
കുടിച്ചൂറ്റി
കൊല്ലാതെ കൊന്ന്
വലിച്ചെറിഞ്ഞവള്‍.....

Tuesday, April 2, 2013

കള്ളി


പണ്ടൊരിക്കല്‍ 
തിരസ്‌കരിക്കപ്പെട്ടവന്റെ 
തീവ്രവേദനകളെക്കുറിച്ച്
വാചാലനായപ്പോള്‍
വിദൂരതയിലേക്ക്
കണ്ണ് പായിച്ചിരുന്ന്
ഒടുവിലെല്ലാത്തിനും
ശരിവച്ച് 
തലയനക്കി നീ

പിന്നീടൊരിക്കല്‍
പ്രിയപ്പെട്ടവരുടെ 
പിണക്കങ്ങള്‍ 
സൃഷ്ടിക്കുന്ന
ശൂന്യതയെക്കുറിച്ച്
സംവദിച്ചപ്പോഴും
മുരടനക്കലിലൂടെ 
മറുപടിയെത്തിയത് 
മറ്റെങ്ങോ ദൃഷ്ടി
പായിച്ചായിരുന്നു


ഇന്നലെയെന്റെയിഷ്ടം
തുറന്ന് കാണിച്ചപ്പോള്‍
അസപ്ഷടമായ
വാക്കുകളുടെ
അകമ്പടിയോടെ
നിഷേധത്തിന്റെ 
ചുമലനക്കിയതും
കണ്ണില്‍ നോക്കാതെ

കണ്‍മഷിയെഴുതാത്ത
കണ്ണുകളില്‍
വ്യഥാ
ഒളിപ്പിച്ച് വയ്ക്കാന്‍
ശ്രമിക്കുന്നതിന് 
പിന്നാലെയാണോമനേ
ഇപ്പഴുമെന്റെ ഭ്രമണം

Sunday, March 31, 2013

സമസ്യ















എത്ര ശ്രമിച്ചിട്ടും
നമുക്കിടയിലെ 
ദൂരമിപ്പഴും 
അങ്ങിനെത്തന്നെ.

സ്ഥായിയായ
അകലവും
സ്ഥലകാലവും
സൂക്ഷിച്ച് 
ചുറ്റിത്തിരിയുന്ന
ഇരവ്പകലുകള്‍.

തേടിപ്പിടിച്ച് കിട്ടിയ
നൂറ്റൊന്ന് വഴികളില്‍
പലതും ഞാന്‍ 
പയറ്റി.

നല്ല വാക്ക് 
കൊണ്ടെങ്ങിനെ
വാരിപുണരാം???
നല്ല നോട്ടം 
കൊണ്ടെങ്ങിനെ
കോരിത്തരിപ്പിക്കാം???
മൃദുസ്പര്‍ശനത്താലെങ്ങിനെ
മോഹനിദ്രയിലാഴ്ത്താം???

പരിണിതഫലമോ
പരമദയനീയം!!!

വിറയ്ക്കുന്ന 
വിരലുകളാലെഴുതുന്ന
വാക്കുകള്‍ മുഴുവന്‍
വികൃതമയം.
പൂട കുറഞ്ഞ പുരികവും
ചുളിവുകളും കൂടി
നോട്ടം ക്രൂദ്ധമാക്കുന്നു.
തോലുരഞ്ഞ
കൈകള്‍ കൊണ്ടുള്ള
തലോടല്‍
അറപ്പും.

സമസ്യക്കുത്തരം തേടി
വെറുതെ 
സമയം കളയുമ്പോഴും,
പ്രതീക്ഷിക്കുന്നു
ണ്ടൊരശരീരി.

കൊട്ടനിറയെ 
കോംപ്ലക്‌സുകളുമായി 
ചുറ്റിത്തിരിയുന്ന
വഴിവാണിഭക്കാരാ
എന്റെ സത്രത്തിലേക്ക്
സുസ്വാഗതം...........

Monday, November 12, 2012

സാറ്റ്..................!















എനിക്കങ്ങിനെയെന്ന് 
നിനക്കറിയാമെന്നെ-
നിക്കുറപ്പാ...

നിനക്കുമങ്ങിനെയെ-
ന്നെനിക്കു
സുനിശ്ചയം

പിന്നെയുമെന്തിനാ-
ണിനിയുമീ
അറിയാഭാവം 
നടിക്കുന്നതെന്നാണ-
വരുടെ ചോദ്യം

നിറുത്താം 
നമുക്കീ 
ഒളിച്ചുകളി
സാറ്റ്..................!

Wednesday, October 17, 2012

ഞൊടിയിടയില്‍ 
കാതങ്ങള്‍ക്കപ്പുറത്ത് നിന്ന് 
കടന്ന് വന്നൊരു മിന്നല്‍ 
നെഞ്ചില്‍ തറച്ച് മരിക്കുന്നു.

സ്വാഭാവികം
അസ്വാഭാവികം
അരും കൊലപാതകം
ആത്മഹത്യ
നിഗമനങ്ങള്‍ നീളുന്നു

എന്ത് തന്നെയായാലും
ഒരു തീരാമുറിവിന്റെ അലങ്കാരം കൂടി
എനിക്ക് സ്വന്തം

എന്തോ.....
ഇത്തവണ ചോര കിനിയുന്നില്ല
വാര്‍ന്ന് പോയി തീര്‍ന്നു കാണും........

Tuesday, June 19, 2012

പിണക്കം



                           തല പെരുപ്പിക്കുന്ന മൗനം.
                           താനേ അരിച്ചെത്തുന്ന  വിഷാദം.
                           കെട്ടഴിഞ്ഞോടിപ്പോകുന്ന ചിന്തകള്‍.
                           കെട്ടിയിട്ടു നോവേറ്റുന്ന   സാമീപ്യം.
                           തെന്നി മാറുന്ന തണല്‍ പച്ച.
                           വെയില്‍ കൊണ്ട് വലഞ്ഞ്‌,
                           വഴി തെറ്റിയലയുന്ന കാഴ്ചകള്‍.
                           കാതുകളില്‍ കനത്തില്‍ മുഴങ്ങുന്ന നിശ്വാസങ്ങള്‍.
                           വീണുടയുന്ന നെടുവീര്‍പ്പുകള്‍.........

                          വാക്കുകള്‍ തേടി  വലയുന്നവര്‍
                          നമുക്കിടയില്‍
                          സംഭാഷണങ്ങളുടെ വട്ടമേശ സമ്മേളനം !!!!!!