Thursday, May 26, 2011

ഇനിയും കണ്ടാല്‍ !!!

 














ഇനിയും കണ്ടാല്‍ 
അറിയില്ലെന്ന് പറയുമായിരിക്കും 
എങ്കിലുമാശിക്കട്ടെ 
പരിചിതഭാവത്തിലൊരു  പുഞ്ചിരി 
എന്റേത്  എന്റേതെന്നായിരം 
വട്ടമാവര്‍ത്തിച്ചിട്ടും 
ആവാതെ പോയതെന്നോര്‍ത്ത് 
ഒരു നെടുവീര്‍പ്പുയര്‍ന്നേക്കാം 
കാലങ്ങളായി കരുതി വച്ച 
ചോദ്യങ്ങളൊന്നു പോലുമുന്നയിക്കാതെ 
കടലാഴം മൌനമണിഞ്ഞു 
മറക്കാനായി മാത്രമോര്‍ക്കാന്‍ 
ഒരാവര്‍ത്തി കൂടി നോക്കി 
ശരിയെന്നുറപ്പിച്ചു 
തല താഴ്ത്തി നടന്നു പോയെയ്ക്കാം

ഇനിയും കണ്ടാല്‍ 
പരിചയപെടേണ്ടി  വന്നാല്‍ 
ഉള്ളു നീറി പുഞ്ചിരിച്ചു 
ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തേക്കാം
ഒപ്പം ഇടറാതെ പതറാതെ ഒരു ഹലോയും

ഇനിയും കണ്ടാല്‍ 
ചിലപ്പോ കോരിയെടുത്തേക്കാം 
കവിളുകളിലുമ്മ  വച്ചു 
മുടിക്കൊമ്പുകളില്‍ പറ്റിയിരിക്കുന്ന
ചിത്ര ശലഭങ്ങളെ പുകഴ്ത്തി 
പണ്ടെന്നോ പറഞ്ഞു വച്ചതാണോ 
എന്നറിയാന്‍ മാത്രം 
കാതില്‍ പതുക്കെ ചോദിക്കും 
"മോളുടെ പേരെന്താ????"
അസപ്ഷ്ട മായ മറുപടിയില്‍ 
ആ പ്രതീക്ഷയും പൊലിയുമ്പോള്‍ 
അരികില്‍ നിന്നുയരും 
ചിരിയുടെ ധ്വനിയറിയാതെ
അല്ലേലും ഒരു പേരിലെന്തിരിക്കുന്നു എന്ന്
സ്വയം ആശ്വാസം കൊണ്ട്
നടന്നു നീങ്ങി യേ ക്കാം


ഇനിയും കണ്ടാല്‍
കൊച്ചു കണ്ണടക്കുള്ളിലെ
കുസൃതി   കണ്ണുകളിലെ
അപരിചിതത്ത്വഭാവമവഗണിച്ചു
ചേര്‍ത്ത് നിര്‍ത്തും
അപ്പോഴൊരു പരിചിത ശബ്ദം
അരികില്‍ നിന്ന് പറയും "മാമന്‍ "
അപരിചിതത്ത്വമകലുന്നു
പുഞ്ചിരി വിടരുന്നു
അടുത്ത മാമാ വിളിക്ക്
കാത് കൊടുക്കാതെ
സ്ഥലം വിട്ടേ ക്കാം


മാരന്‍ എന്ന കെട്ടിപ്പിടിച്ച 
എട്ടു വര്‍ഷത്തെ സങ്കല്‍പ്പത്തില്‍ നിന്ന്
മാമന്‍ എന്ന് ചൊല്ലി കൊടുക്കുന്ന
യാഥാര്‍ത്യത്തിലേക്ക്  മാറാന്‍
നീയെടുത്തത് ചന്ദ്രന്‍ മറഞ്ഞു
 സൂര്യന്‍ ഉദിക്കുന്ന സമയം
എനിക്കോ ????????
അതിപ്പഴും ചന്ദ്രനില്‍ നിന്ന്
സൂര്യനിലേക്കുള്ള യാത്ര പോലെ !!!

6 comments:

  1. !ഒരു ജന്മം എരിഞൊടുങ്ങുന്നു!!! കണ്ണെത്തും ദൂരത്ത്‌ പുതിയൊരെണ്ണം പിറവിയെടുക്കുന്നു. ഇന്നലെകളിലെ വെളിച്ച്ചത്ത്തിനു നല്‍കാന്‍ പുതിയതായി ഒന്നുമില്ല. തളികയില്‍ വച്ചു ഹൃദയം പണ്ടേ ഞാന്‍ അടിയറ വച്ചില്ലേ!! തിരിച്ചു പ്രതീക്ഷിച്ചിരുന്നു!! നവ ഹൈ ടെക് യുഗത്തില്‍ ബാര്‍ട്ടര്‍ സിസ് റ്റത്തിനു എന്ത് പ്രസക്തതി..ഇന്നലെകളില്‍ ജീവിക്കുന്ന ഞാനും ഇന്നുകളില്‍ ജീവിക്കുന്ന നീയും ഇനിയൊരിക്കലും കണ്ടു മുട്ടല്ലേ എന്ന പ്രാര്‍ത്തനയോടെ .....

    ReplyDelete
  2. hmm...........കണ്ടു മുട്ടാതിരിക്കെട്ടെ..!

    ReplyDelete
  3. നല്ലതിന്‍ മാത്രം പ്രാര്‍ത്ഥനകള്‍.

    ReplyDelete
  4. ചുമ്മാ കണ്ടുമുട്ടട്ടെന്നെ..

    ReplyDelete
  5. ചില കണ്ടുമുട്ടലുകളും വേര്‍പിരിയലും ജീവിതത്തില്‍ അനിവാര്യമല്ലെ????
    നന്മകള്‍ മാത്രം ഉണ്ടാകാന്‍ എന്റെ പ്രാര്‍ഥന ...........

    ReplyDelete
  6. ഈ കണ്ടുമുട്ടലിനും ഉണ്ട്, ഒരു ദുഖത്തിന്റെ നനവുള്ള സുഖം...
    ഇതൊക്കെ ഉള്പ്പെട്ടതല്ലേ ജീവിതം...
    നല്ല കവിത....!
    ആശംസകള്‍..

    ReplyDelete