Sunday, August 4, 2013

സമം- ഒരു സൗഹൃദദിന ചിന്ത

മുറിഞ്ഞ് മുറിഞ്ഞ്
പറഞ്ഞ് തീര്‍ത്തതൊക്കെയും
മനസ്സില്‍ തീരാ
മുറിവുകള്‍ തീര്‍ത്തോ
സുഹൃത്തേ....?

വിത്ത് പാകിയതും
തടമെടുത്തതും
നനവ് പകര്‍ന്നതും
ഞാനല്ല

മുളച്ച് പൊന്തി 
പടര്‍ന്ന്
പന്തലിച്ചപ്പോഴാ
തണല് വീണതറിഞ്ഞേ

വെയില് കൊണ്ട് 
വലഞ്ഞ വര്‍ഷങ്ങള്‍
തണല് തേടി
അലഞ്ഞ കാലങ്ങള്‍

കുളിര് കോരി
തലയ്ക്ക് മീതേക്ക്
ചില്ല ചാഞ്ഞപ്പോ
അരിക് ചേരാന്‍
ആശിച്ചു പോയി

മുറിച്ചു മാറ്റാന്‍ 
മനസ്സനുവദിച്ചില്ല

തിരിച്ചറിയുന്നു
ഉടമയല്ലെന്ന്

നല്‍കിയ
നല്ല നിമിഷങ്ങള്‍
ഉള്ളിലൊതുക്കി
ഇറ്റ് വീഴുന്ന
ഉപ്പ് മഴയില്‍
നനഞ്ഞൊലിച്ച്
തിരിഞ്ഞ് നോക്കാതെ
നടന്ന്് നീങ്ങട്ടെ

കുട്ട് കൂടി നടന്ന
നാളുകള്‍
കാവലായ്
കണക്ക കൂട്ടിയേക്ക്

തിരികെ നല്‍കുന്നു
തീരാ വ്യഥയോടെ

പകരമേകൂ
പഴയ സൗഹൃദം
സമരസപ്പെടലിന്റെ 
ശുദ്ധ സംഗീതം...

No comments:

Post a Comment