Saturday, August 17, 2013

മായാമുഖി

വിജനമായ വീഥി
ചരിഞ്ഞ് ചാറുന്ന 
ചാറ്റല്‍ മഴ.
സന്ധ്യയും 
പടര്‍ന്ന് പൂത്ത വാകയും
ഇരുള്‍ വീഴ്ത്തുന്ന വഴിയേ
അരിച്ച് നീങ്ങുന്നൊരു
പേടകം.

ഉള്ളില്‍, നിറയുന്ന
കൃത്രിമ ചൂടിന്‍
രസംനുകര്‍ന്ന്,
പരസ്പരം ആത്മാവിന്റെ 
നഗ്നതയോളം 
ഇറങ്ങിച്ചെല്ലാന്‍
കൊതിച്ചവര്‍ ,
ആത്മഭാഷണത്തില്‍.

പൂര്‍വ്വ ജന്മ ഇഴയടുപ്പം.
അലിയുന്ന ഉയിരുകളുടെ 
ആന്ദോളനം.
കഥകളുടെ കെട്ടഴിയുന്നു.

തീക്ഷ്ണാനുഭവങ്ങളുടെ 
നീറ്റലുകള്‍ക്ക്
ശമനമേകാനാവാതെ
നിസ്സഹായനായി 
വിദൂരതയിലേക്ക് 
കണ്ണ് പായിച്ചപ്പോള്‍,
കാറ്റില്‍ ഇതളടര്‍ന്ന
വാകകളുടെയും
സങ്കടപ്പെയ്ത്ത്.

മൗനം കണ്ണീരൊപ്പുന്നു.

അധികം നീണ്ടില്ല
അടുത്ത കവലയില്‍ 
കാത്ത നിന്നൊരു
അപ്രതീക്ഷിത ട്വിസ്റ്റ്.

മിന്നലായ് മുന്നില്‍
മിന്നിതെളിഞ്ഞൊരു
ചുവന്ന പൊട്ട്.

കാലമരുന്നു
ഞെരിഞ്ഞ് നില്‍ക്കുന്നു പേടകം.

അനുവാദം ചോദിക്കാതെ 
കടന്ന് കയറിയോള്‍
കതക് തുറന്ന മഴയിലേക്ക്.

പലവഴികളിലൊന്നിലൂടെ 
നടന്ന് നീങ്ങി,
തിരിഞ്ഞ് നോക്കാതെ.

അവള്‍, മായാമുഖി
ഒരു ജന്മം ഓര്‍മ്മിച്ച് 
രസിക്കാന്‍(നരകിക്കാന്‍)
ഒരു യാത്ര സമ്മാനിച്ച്
മറഞ്ഞവള്‍.

No comments:

Post a Comment