Saturday, January 18, 2014

!!!!!

അസ്തമയ സൂര്യന്‍ അങ്ങ് ദൂരെ സമുദ്രോപരിതലത്തിന് 
തൊട്ടുമുകളിലെത്തിയിരിക്കുന്നു....
പതിയെ താണുതുടങ്ങി.
അത് ചൂണ്ടിക്കാട്ടി പറഞ്ഞു
കണ്ടോ..
പകുതി താണ സൂര്യന്റെ
ചുമപ്പ് ഛായം
ചെറുതായി പടര്‍ന്നിരിക്കുന്നു.
വെള്ളം തട്ടിയിട്ടാണത്.....


നിലാപ്രഭയില്‍
കടല്‍പാലത്തിന് തറ്റത്തെ
ജലോപരിതലത്തിലൂടെ 
അതിവേഗം നീങ്ങുന്നത്
ശ്രദ്ധയില്‍പ്പെടുത്തി ചോദിച്ചു 
അതെന്താണെന്നറിയാമോ...?
ഇല്ല...!
നീര്‍നായക്കൂട്ടം
വെള്ളത്തില്‍ തൊട്ടുകളിക്കുകയാണ്.......


നീലാകാശത്ത് 
ഒറ്റക്ക്
തെളിഞ്ഞ് കത്തുന്ന 
മഞ്ഞവെളിച്ചം ചൂണ്ടി പറഞ്ഞു
അത് നക്ഷത്രമല്ല, 
സൂക്ഷിച്ച് നോക്കിയേ, അത് കണ്‍ചിമ്മുന്നില്ല......


തൊട്ടരികിലിരുന്ന് 
ദൂരകാഴ്ചകളില്‍
അഭിരമിക്കുന്നെന്ന് 
വരുത്തിതീര്‍ക്കാന്‍
വൃഥാ ശ്രമിക്കുന്നു അവള്‍

കയ്യകലത്തില്‍
ചുറ്റിസഞ്ചരിച്ചിട്ടും 
എന്റെ മനസ്സിന്റെ
അപഥസഞ്ചാരം 
കാണാന്‍ കഴിയുന്നില്ലല്ലോ
എന്ന ദു:ഖത്തോടെ ഞാനും 
ഒരേ രേഖയിലെ
ഒരിക്കലും
കൂട്ടിമുട്ടാത്ത രണ്ടറ്റങ്ങള്‍.....


(ഓര്‍മ്മകള്‍, കോഴിക്കോട് ബീച്ചിലിരുന്ന് പണ്ടെങ്ങോ ഒരുമിച്ചെണ്ണിയ തിരകളുടെ കണക്കെടുപ്പിന് പിന്നാലെയാണ്)

No comments:

Post a Comment